കൊച്ചി: അശ്ലീല പരാമർശങ്ങളുടെ പേരിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെയെന്ന് നടി ഹണി റോസ് പറഞ്ഞു. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകും എന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു.
നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഒരു ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ഹണി റോസ് പറഞ്ഞു. ആ പരിപാടി കഴിഞ്ഞയുടനെ തന്റെ വീട്ടുകാരുമായി ഈ വിഷയം താൻ ചർച്ച ചെയ്തിരുന്നു. തുടർന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു.