ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച കേസുകൾ കൊണ്ട് നമ്മുടെ കോടതികൾ നിറയുകയാണ്. ദിനംപ്രതി അത്തരത്തിലുള്ള കേസുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. പന്തീരങ്കാവ് ഗാർഹിക പീഡനമൊക്കെ വാർത്തകളിലൂടെ എല്ലാവർക്കും സുപരിചിതമാണ്. ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന ഭാര്യമാരും, ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്ന ഭര്‍ത്താക്കന്‍മാരും ഇവിടെ ധാരാളമുണ്ട്. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ചു വയ്ക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് ഏറെ സങ്കടകരമാണ്. ഒരു വിഭാഗം സ്ത്രീകള്‍ ആരോടും പറയാതെ മിണ്ടാതെ എല്ലാം സഹിച്ച് വീടിനുള്ളില്‍ തുടരുന്നു. പിന്നെയുള്ള വിഭാഗം, അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ മാത്രം പറയും. എന്നാല്‍, പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോകില്ല. മൂന്നാമത്തെ വിഭാഗമാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. പക്ഷെ, ഈ വിഭാഗത്തിലുള്ള സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കുറയുകയുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങളുള്ള നമ്മുടെ നാട്ടില്‍, ആ നിയമ സംവിധാനങ്ങളെ ആശ്രയിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
സ്ത്രീ സൗഹൃദമല്ലാത്ത പോലീസ് സ്റ്റേഷനും നിയമവഴികളിലെ കുരുക്കുകളുമാണ് പരാതി നല്‍കരുതെന്ന നിലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്ന് പൊതുസമൂഹം ചിന്തിക്കുന്നു. ഒരു സ്ത്രീ ബുദ്ധിമുട്ടുണ്ടായി പരാതിയുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയാല്‍, പരാതിക്കാരിയായ സ്ത്രീയാണ് യഥാര്‍ത്ഥത്തില്‍ മാനസിക പീഡനത്തിനും സമ്മര്‍ദ്ദത്തിനും അവഹേളനത്തിനും ഇരകളാകുന്നതെന്നതാണ് അടിസ്ഥാന പ്രശ്നം. പരാതി പറയാന്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. ആലുവയിലെ മോഫിയയുടെ മരണത്തില്‍ വരെ എത്തി നില്‍ക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ നിരവധിയുണ്ട്. ഭര്‍ത്താവ് തല്ലിയാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന ഭാര്യമാരുടെ എണ്ണം കൂടുന്നതിന്റെ ഒരു കാരണം ഇതാണ്. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകണം. അക്രമം നേരിട്ടാല്‍ പരാതിക്കാരിക്കൊപ്പം നിലകൊള്ളാന്‍ നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് സാധിക്കണം. അതില്‍, നീതി ഉറപ്പാക്കാന്‍ നിയമ പാലകര്‍ക്കും കഴിയണം. സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം ഇപ്പോഴും കേരളത്തിൽ പലയിടത്തും തെളിഞ്ഞും മറഞ്ഞും നിലനിൽക്കുന്നുവെന്നതു നാം ഇതിനകം ആർജിച്ച പരിഷ്കൃത ആശയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. സ്ത്രീധനം നൽകാത്തതും കുറഞ്ഞുപോയെന്ന പരാതിയുമൊക്കെ പീഡനത്തിനുള്ള കാരണമായി ഇവിടെ മാറാറുണ്ട്. പൊള്ളലേൽപിച്ചും പാമ്പിനെക്കൊണ്ടു കടിപ്പിച്ചും മറ്റുമുള്ള ക്രൂരതകൾക്കു ഭർതൃഗൃഹത്തിൽ പലസ്ത്രീകളും ഇരയാകുകയും ചെയ്യുന്നു. വിവാഹവേളയിലെ സ്ത്രീയുടെ മൂല്യം അവൾ കൊണ്ടുചെല്ലുന്ന പണത്തെയും ആഭരണത്തെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഏറെപ്പേർ ഇന്നും നമുക്കിടയിലുണ്ടെന്നതു നിർഭാഗ്യകരമാണ്. അതിനൊപ്പമാണ് ശരീരാധിക്ഷേപങ്ങൾ. സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന അവരുടെ സ്വാതന്ത്ര്യത്തിനു വിലങ്ങുവയ്ക്കുന്ന ആണധികാര സാമൂഹിക മനഃസ്ഥിതിയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് ഹൈക്കോടതി പോലും ഒരിക്കൽ പരാമർശിക്കുകയുണ്ടായി. സ്ത്രീകൾക്ക് ഭർതൃവീട്ടിൽ ശരീരാധിക്ഷേപം ഉണ്ടായാൽ (ബോഡി ഷെയ്മിങ്) അതു ഗാർഹിക പീഡനമാണെന്ന് ഈ അടുത്താണ് ഹൈക്കോടതി പറഞ്ഞത്. ഭർതൃവീട്ടിൽ ശരീരാധിക്ഷേപം സഹിച്ചു കൊണ്ടിരിക്കുന്നവർക്ക് അതിനെതിരെ ശബ്ദമുയർത്താനും നിയമനടപടികളിലേക്കു നീങ്ങാനും ആത്മവിശ്വാസം നൽകുന്നതാണ് ഈ ഉത്തരവ്. നീതിപീഠത്തിന്റെ ചേർത്തുനിർത്തലിനോടൊപ്പം, സ്ത്രീകൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിലും നീതി ലഭ്യമാക്കുന്നതിലും സർക്കാരിന്റെ ഭാഗത്തുനിന്നുകൂടി ആത്മാർഥത ഉണ്ടാകേണ്ടതുണ്ട്.