പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. കുടുംബ സമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും. പാലക്കാട് മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. രോഗികൾക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്തുന്ന രീതിയിൽ സമയംക്രമീകരിച്ചാവും ഇവ നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോൾ പമ്പ് സ്ഥാപിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു . പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബിനു മോൾ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ പി എസ് പ്രമോദ് ശങ്കർ എന്നിവർ സംസാരിച്ചു.