തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയാണ് തീരുമാനം അറിയിച്ചത്. എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ക്രിസ്‌മസ് പരീക്ഷയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ പഠന പ്രവര്‍ത്തനം നടത്തി മാര്‍ച്ചില്‍ തന്നെ ഒമ്പതാം ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചത്.ഈ വര്‍ഷം ഓഗസറ്റ് 16 ന് കേരള പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 03/ 2024 നമ്പര്‍ ഉത്തരവിലാണ് ഈ അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസ് പാസാവാന്‍ കുട്ടികള്‍ക്ക് മുപ്പത് ശതമാനം സബ്‌ജക്‌ട് മിനിമം വേണമെന്ന വ്യവസ്ഥ കൊണ്ടു വന്നത്. ഗുണമേന്മ ഉറപ്പ് വരുത്തൽ പരിപാടിക്കായി കൊണ്ടുവന്ന എട്ട് ഇന ഉത്തരവിലെ മൂന്നാം ഇനത്തില്‍ ഈ വര്‍ഷം എട്ടാം ക്ലാസിലും 2025-26 വർഷം ഒൻപതാം ക്ലാസിലും 2026- 27 വർഷം പത്താം ക്ലാസിലും സബ്‌ജക്‌ട് മിനിമം മാർക്ക്, എഴുത്ത് പരീക്ഷയിൽ ലഭിക്കാത്ത കുട്ടികളെ തോൽപ്പിച്ച് വിദ്യാഭ്യാസ ഗുണ നിലവാരം ഉറപ്പു വരുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന് വിമര്‍ശിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നുമുള്ള നിലപാടായിരുന്നു മന്ത്രിയുടേത്. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമാന നിലപാടായിരുന്നു കൈക്കൊണ്ടത്.