സംസ്ഥാന വ്യാപകമായ പരിശോധനയില്‍ 929 ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടി

Breaking Kerala

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്.

756 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നോട്ടീസും നല്‍കി. ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി.

ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയെന്നും 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഭക്ഷണം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ എന്ന നിയമത്തെ കാറ്റില്‍പ്പറത്തിയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

എറണാകുളം ഒഴുകിയുള്ള മറ്റു ജില്ലകളിലാണ് ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂര്‍ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂര്‍ 281, കാസര്‍ഗോഡ് 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *