വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളിൽ അവബോധം ഉണ്ടാകേണ്ടത് അനിവാര്യതയാണ്. കാറുകളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റും ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റും നിർബന്ധമാക്കണം. കുട്ടികൾ അപകടത്തിൽപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഇതുകൊണ്ട് തന്നെ ഡ്രൈവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക ചൈൽഡ് സീറ്റ് നിർബന്ധമാണ്. കാറിന്റെ പിൻസീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കൾക്കും ഇത്തരത്തിൽ പ്രത്യേക ചൈൽഡ് സീറ്റ് നിർബന്ധമാണ്. നാലുമുതൽ 14 വയസ്സ് വരെ പ്രായമുള്ള 135 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്കായി സേഫ്റ്റി ബെൽറ്റോട് കൂടിയ ‘ചൈൽഡ് ബൂസ്റ്റർ കുഷ്യൻ’ ഉപയോഗിക്കണം. ഇതും കാറിന്റെ പിൻസീറ്റിൽ മാത്രമേ ഘടിപ്പിക്കാവൂ. ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുന്നത് കുട്ടിയുടെ ഉയരം അടക്കമുള്ള കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർ ജാഗ്രത കാണിക്കണം. നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണ്. കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെൽറ്റും സുരക്ഷയ്ക്കായി ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ, ഇത് നിർബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിർദേശിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പദ്ധതികൾ ഊർജിതമാക്കുന്ന അധികാരികളുടെ നടപടികൾ സ്വാഗതാർഹമാണ്. നവംബർ മാസത്തിൽ നിയമം ലംഘിച്ച് യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകും. ഡിസംബർ മുതൽ നിയമം നടപ്പിലാക്കി തുടങ്ങും. നിയമം ലംഘിക്കുന്നവർക്കെതിരേ ഡിസംബർ മുതൽ പിഴ ചുമത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. റോഡ് സുരക്ഷാ പാഠങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകുകയാണ് ഏറ്റവും മികച്ച വഴി. അതിന് മാതാപിതാക്കളുടെ നിരന്തര പരിശ്രമം ആവശ്യമാണ്. വളരെയേറെ ശ്രദ്ധയോടെ, നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ വളരണം. റോഡിലൂടെ തെറ്റായി വാഹനം ഓടിക്കുന്നതും റോഡ് മുറിച്ച് കടക്കുന്നതും അവർക്ക് കാണിച്ചു കൊടുക്കാം. അതിന്റെ നിയമലംഘനങ്ങളും ശിക്ഷകളും അപകട സാധ്യകളും അവർക്കും പറഞ്ഞു കൊടുക്കാം. ആരും ശ്രദ്ധിക്കാനില്ലെങ്കിൽ പോലും നിയമം അനുസരിക്കാനുള്ളതാണെന്ന് മക്കൾ മാതാപിതാക്കളിൽ നിന്നും കണ്ടു പഠിക്കട്ടെ. റോഡ് സുരക്ഷയിലെ വീഴ്ചകൾ കാരണം ജീവിതം നഷ്ടമായവരുടെ അനുഭവങ്ങളും കഥകളും അവർ അറിയട്ടേ. പൊതു നിരത്തിൽ വാഹന അഭ്യാസം നടത്തി ആരാധകരെ നേടുന്ന ഇൻഫ്ലുവൻസർമാർ നിരവധിയാണ്. അവരുടെ സ്വാധീനത്തിൽ മക്കൾ പെടാതെ നോക്കേണ്ടതുമുണ്ട്. ഓരോ ദിവസവും എത്രയോ ജീവനുകളാണ് റോഡിൽ പൊലിയുന്നത്. രോഗശയ്യയിലേക്ക് ജീവിതം ചുരുങ്ങി പോകുന്നവരും നിരവധിയാണ്. എത്രയോ കുടുംബങ്ങളുടെ സ്വപ്നം ഇങ്ങനെ ഇല്ലാതാകുന്നു. അതിനാൽ സുരക്ഷിതമായി വാഹനം ഓടിക്കാനും നിയമങ്ങൾ പാലിക്കാനും വരും തലമുറയെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.