തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിപ്പിന് പിന്നാലെ അരിവിലയും കുത്തനെ ഉയരുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഓണമെത്തുമ്പോഴേക്കും വില റെക്കോർഡെത്തുമെന്നാണ് കണക്കുകൂട്ടൽ. ഏറെ ഡിമാൻഡുളള ജയ അരിയ്ക്കാണ് വില കൂടുതൽ. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 40 ലെത്തി. ചില്ലറ വിപണിയിൽ അഞ്ചുരൂപയെങ്കിലും അധികം നൽകണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയിൽ നാലുരൂപയാണ് പതിനഞ്ച് ദിവസത്തിനകം കൂടിയത്. ബംഗാളിൽ നിന്നെത്തുന്ന സ്വർണക്കും സുരേഖയ്ക്കും വില ഒരു മാസമായി വില ഉയർന്നു തന്നെയാണ്. അരി കയറ്റുമതി കൂടിയതും വിദേശവിപണിയിൽ നല്ല വിലകിട്ടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.
ഇനം വില (ബ്രായ്ക്കറ്റിൽ ചില്ലറ വിപണി )
പൊന്നി 47 (52)
സ്വർണ 38 (42)
ജയ 40 (45)
കുറുവ 40 (44)
പച്ചരി 42 (46)
മട്ട 44 (50)