മതേതര നിലപാടില്‍ ഉറച്ച് എന്‍സിപി മുന്നോട്ട് പോകും: എന്‍എ മുഹമ്മദ്കുട്ടി,എന്‍സിപി സംസ്ഥാന പ്രസിഡന്റായി എന്‍എ മുഹമ്മദ്കുട്ടിയെ വീണ്ടും തെരഞ്ഞെടുത്തു

Breaking Kerala Local News

എന്‍സിപി സംസ്ഥാന പ്രസിഡന്റായി എന്‍എ മുഹമ്മദ്കുട്ടിയെ തെരഞ്ഞെടുത്തു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. സംഘടന തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയ ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായ ബ്രിജ്‌മോഹന്‍ ശ്രീവാസതവ, ദേശീയ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ ചൈതന്യ അശോക് മന്‍കര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി കെഎ ജബ്ബാര്‍, സംസ്ഥാന ട്രഷററായി മധുകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. അഡ്വക്കേറ്റ് കവിത ആയിരുന്നു പ്രീസൈഡിംഗ് ഓഫീസര്‍.

ദേശീയ തലത്തില്‍ എന്‍സിപി ക്ക് വലിയ പ്രാധാന്യമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത് എന്ന് പാര്‍ട്ടി പ്രസിഡന്റായി സ്ഥാനമേറ്റശേഷം സംസാരിച്ച എന്‍എ മുഹമ്മദ് കുട്ടി പറഞ്ഞു. ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത നിലപാടാണ് എന്‍സിപി ക്ക് ഉള്ളത്. ഓരോ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയത്തിന് അനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുക. കേരളത്തില്‍ മതേതര നിലപാടാണ് പാര്‍ട്ടിക്ക് ഉള്ളത്. കേരളത്തിലെ വിവിധ മുന്നണികള്‍ക്കെതിരെ ശക്തമായ ജനകീയ വികാരമാണ് ഇന്ന് നിലവിലുളളത്. ഈ സാഹചര്യത്തില്‍ സ്വതന്ത്രമായ മതേതര നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടി കേരളത്തില്‍ ആഗ്രഹിക്കുന്നത്. എന്‍സിപിയുടെ ഭരണഘടന അനുശാസിക്കുന്ന നിലപാടാണിത് എന്നും എന്‍എ മുഹമ്മദ്കുട്ടി പറഞ്ഞു.

കേരളത്തിലെ ഇടതുമുന്നണി അവസരവാദ രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്. ജെഡിഎസിനോടും എന്‍സിപിയോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. എല്‍ഡിഎഫിന്റെ ഇത്തരം അവസരവാദ നിലപാടിനെ ജനങ്ങള്‍ വെറുക്കുന്നു എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ വഖഫ് നിയമഭേദഗതി കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചെങ്കിലും ടിഡിപി യുടെയും ജെഡിയു വിന്റെയും നിലപാടുകളാണ് നിര്‍ണായകമായത്. വഖഫിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ പോയത് ചന്ദ്രബാബുനായിഡുവും നിതീഷ്‌കുമാറും സ്വീകരിച്ച നിലപാടുകളായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ഇരുപാര്‍ട്ടികളും. സമാനമായി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്ന നിലപാട് തന്നെയായിരിക്കും എന്‍സിപി യും സ്വീകരിക്കുക. കേരളത്തില്‍ ന്യൂനപക്ഷസംരക്ഷണം നല്‍കാതെ ഒരു പാര്‍ട്ടികള്‍ക്കും മുന്നോട്ട് പോകാനാവില്ല. തികച്ചും മതേതതരവും വികസനവും മുന്‍നിര്‍ത്തിയുള്ള നിലപാടുകള്‍ തന്നെയായിരിക്കും എന്‍സിപി സ്വീകരിക്കുക എന്നും എന്‍എ മുഹമ്മദ് കുട്ടി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പിസി ചാക്കോക്ക് എതിരെ മത്സരിക്കുകയും ചാക്കോ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തുകയും ചെയ്തപ്പോള്‍ അതിനെതിരെ പൊരുതിക്കൊണ്ടാണ് എന്‍സിപിയില്‍ നിന്നും മാറി നിന്നത്. ഇന്ന് യഥാര്‍ത്ഥ എന്‍സിപിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണ്. അന്ന് പിന്തുണച്ച കെ എ ജബ്ബാര്‍ ഇന്നും എന്‍സിപി യുടെ വൈസ് പ്രസിഡന്റാണ്. ചാക്കോ നേതൃത്വം നല്‍കുന്ന എന്‍സിപി ( എസ് ) ആകട്ടെ നാമാവശേഷമാകുന്ന സ്ഥിതിയിലുമാണ്. എന്‍സിപി ( എസ്പി ) എന്ന് ദേശീയ തലത്തില്‍ അറിയപ്പെടുന്ന കേരളത്തിലെ എന്‍സിപി (എസ്) തന്നെ ഇന്ന് രണ്ട് തട്ടിലാണ്. ചാക്കോ വിഭാഗവും ശശീന്ദ്രന്‍ വിഭാഗവുമാണ് ഇന്ന് ആ പാര്‍ട്ടിയിലുള്ളത്. ഇരുവരും ശക്തി തെളിയിക്കാന്‍ ശ്രമം നടത്തുമ്പോള്‍ അണികള്‍ പൂര്‍ണ്ണമായും കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയാണ്. ശശീന്ദ്രനും ചാക്കോയും മാത്രമുള്ള പാര്‍ട്ടിയായി എന്‍സിപി ( എസ് ) മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്‍എ മുഹമ്മദ്കുട്ടി അഭിപ്രായപ്പെട്ടു.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ എന്‍സിപി സംസ്ഥാനത്ത് നിര്‍ണായക ശക്തിയായി മാറുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ബ്രിജ്‌മോഹന്‍ ശ്രീവാസ്തവ പറഞ്ഞു. സംസ്ഥാനത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് എന്‍സിപി ഏറെ നാളുകളായി പിന്തുടരുന്നത്. മുഴുവന്‍ ജില്ലകളിലും സംഘടനയ്ക്ക് പുതിയ ഉണര്‍വ് ലഭിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് എന്‍സിപി നടത്തുന്ന മുന്നേറ്റം ചെറുതല്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ കേരളത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ ഇടം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *