നഗരസഭകളില്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഫൈന്‍ നിരക്കുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ വ്യാപാരമേഖലയില്‍ വലിയ ഉണര്‍വിനാണ് നാം സാക്ഷ്യംവഹിക്കാന്‍ പോകുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ലൈസന്‍സ് ഫീസിനേക്കാള്‍ ഭീമമായ തുക പിഴയായി നല്‍കേണ്ടിവരുമായിരുന്ന നിരവധി വ്യാപാരികള്‍ക്കാണ് സര്‍ക്കാരിന്റെ ഈ തീരുമാനം ഗുണകരമാകുക.
നവകേരളസദസ്സിലും തദ്ദേശ വകുപ്പ് അദാലത്തിലുമുള്‍പ്പെടെ വ്യാപാരി- വ്യവസായി സംഘടനകള്‍ ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. കൂടുതല്‍ പേരെ വ്യാപാര രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഈ നടപടി കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.
ഇന്ത്യയില്‍ 100 എംഎസ്എംഇകള്‍ ഒരു വര്‍ഷം ആരംഭിക്കുന്നതില്‍ 30 എണ്ണവും അടച്ചുപൂട്ടുകയാണെന്ന കണക്കുകള്‍ നിലനില്‍ക്കെ കേരളത്തില്‍ കേവലം 15 എണ്ണം മാത്രമാണ് അടച്ചുപൂട്ടുന്നത്. പുതിയ നിയമഭേദഗതിയോടെ ഇതിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.