കൊച്ചി: സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി അണക്കെട്ടില്‍ പറന്നിറങ്ങി സീപ്ലെയിന്‍. പരീക്ഷണപ്പറക്കൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.
മന്ത്രിമാരും ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ള 15 അംഗങ്ങളുമായി രണ്ട് തവണ കൊച്ചി നഗരത്തിന് മുകളിൽ സീപ്ലെയിൻ വട്ടമിട്ട് പറന്നു. പത്തരയോടെ കൊച്ചി കായലിൽ നിന്ന് സീപ്ലെയിൻ ഇടുക്കിയിലേക്ക് എത്തി. അര മണിക്കൂറിനകം ജലവിമാനം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
സീപ്ലെയിൻ പദ്ധതി വരുന്നതോടെ ടൂറിസം വികസിക്കുമെന്നും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പിന് വേഗം നൽകുമെന്നും റിയാസ് പറഞ്ഞു. കൂടുതല്‍ സ്ഥലത്തേക്ക് സീ പ്ലെയിന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും അറിയിച്ചു. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി എന്നിവരും ചടങ്ങിനെത്തിയിരുന്നു. കേരളത്തിലെ വിവിധ ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും വിവിധ ജലാശയങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.