കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയ ശേഷം പൊലീസ് അന്വേഷണത്തില്‍ ഗൗരവം ഉള്‍ക്കൊണ്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. പൊലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ആലുവയില്‍ അഞ്ച് വയസുകാരിയെ കണ്ടെത്താന്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് തീവ്രശ്രമമുണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് തൊട്ടു പിന്നാലെ ‘മകളേ മാപ്പ്’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. ഇതോടെ വീണ്ടും വ്യാപക വിമര്‍ശനമാണ് ഉയർന്നത്. അതേസമയം പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന്റെ പ്രതികരണം.