കൊൽക്കത്ത: ബലാത്സംഗക്കേസുകളിൽ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം. രാജ്യത്ത് കർശന ബലാത്സംഗ വിരുദ്ധ നിയമം വേണമെന്ന് മമത കത്തിൽ ആവശ്യപ്പെട്ടു.
ഇരയ്ക്ക് നീതി ലഭിക്കണമെന്നും പൊലീസിലെ സിവിക് വളണ്ടിയറായ പ്രതിയെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കൊൽക്കത്തയിൽ വൻ റാലി നടത്തിയിരുന്നു. ബലാത്സംഗക്കൊലയ്ക്ക് പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടെ ആർ.ജി കാർ മെഡിക്കൽ കോളജ് ആക്രമിക്കുകയും അടിച്ചുതകർക്കുകയും ചെയ്തതിനു പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപിച്ച മമത, കേസിലെ തെളിവ് നശിപ്പിക്കാൻ അക്രമികൾ ശ്രമിച്ചെന്നും പറഞ്ഞിരുന്നു.
പിന്നാലെ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്കു തുടക്കം കുറിക്കുകയും ചെയ്തു. രാത്രി കൂട്ടാളി എന്ന പേരിലാണ് പദ്ധതി. സി.സി.ടി.വി കവറേജുള്ള സേഫ് സോണുകൾ, രാത്രിയിൽ വനിതാ വളണ്ടിയർമാരുടെ വിന്യാസം, പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന അലാം ഉള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ, ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ബ്രീത്ത് അനലൈസർ ടെസ്റ്റുകളുള്ള സുരക്ഷാ പരിശോധനകൾ എന്നിങ്ങനെ നിരവധി സുരക്ഷാ നടപടികൾ പദ്ധതിയിൽ ഉൾപ്പെടുന്നു.