മണപ്പുറം ഫിനാന്‍സിന് 557 കോടി രൂപ അറ്റാദായം; 11.7 ശതമാനം വര്‍ധന

Uncategorized

കൊച്ചി:നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ചയോടെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 556.5 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 498 കോടി രൂപയില്‍ നിന്നും 11.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 21 % ശതമാനം വാര്‍ഷിക വര്‍ധനയോടെ 44,932 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 6.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത.് സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 441 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 23 ശതമാനം വര്‍ധിച്ച് 2,488 കോടി രൂപയിലെത്തി. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 14.8 ശതമാനം വര്‍ധിച്ച് 23,647 കോടി രൂപയിലെത്തി. 2024 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.

സ്വര്‍ണ്ണ വായ്പ ആസ്തിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഈ പാദത്തില്‍ കമ്പനിക്ക് സാധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വളര്‍ച്ചയും, തുടര്‍ച്ചയായി 10% വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത് . കമ്പനിയുടെ സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനോടോപ്പം, ആസ്തിയിലും അറ്റാദായത്തിലും മുന്നേറ്റം ചെലുത്താന്‍ ഞങ്ങളുടെ സ്വര്‍ണ ഇതര സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞുവെന്നും മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.

മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്‍റെ ആസ്തി മൂല്യം ഒന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ 12,310 കോടി രൂപയിലും, അറ്റാദായം 100 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷമിത് 10,141 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി. വെഹിക്കിള്‍ ആന്‍റ് എക്യുപ്മെന്‍റ് ഫിനാന്‍സ് വിഭാഗത്തിന്‍റെ ആസ്തി മൂല്യം 4,541 കോടി രൂപയിലെത്തി. 63.4 ശതമാനത്തിന്‍റെ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്.

കമ്പനിയുടെ സംയോജിത ആസ്തിയുടെ 47 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 9 ശതമാനമാണ്. മുന്‍വര്‍ഷം 8.3 ശതമാനമായിരുന്നു ഇത്. മൊത്ത നിഷ്ക്രിയ ആസ്തി 1.96 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.7 ശതമാനവുമാണ്. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,021 കോടി രൂപയായി ഉയര്‍ന്നു. പ്രതി ഓഹരി ബുക്ക് വാല്യു 142 രൂപയും, മൂലധന പര്യാപ്തതാ അനുപാതം 29.6 ശതമാനവുമാണ്. 68 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 38,463 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *