പാരിസ്: പാരിസ് ഒളിംപിക്സില്‍ വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും ചരിത്ര നേട്ടത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 26-ാം പിറന്നാള്‍ദിനത്തിലാണ് ശ്രീജയുടെ കുതിപ്പ്. ഒളിംപിക്സിന്റെ ടേബിള്‍ ടെന്നീസില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജ അകുല. മണിക ബത്രയാണ് ഈ പട്ടികയിലെ ആദ്യ താരം. വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സിലെ റൗണ്ട് ഓഫ് 32വില്‍ സിംഗപ്പൂരിന്റെ ജിയാങ് സെങിനെ 4-2നാണ് ശ്രീജ അകുല തോല്പിച്ചത്. ആദ്യ ഗെയിം തലനാരിഴയ്ക്ക് നഷ്ടമായ ശേഷം തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍ പിടിച്ചെടുത്ത് ശക്തമായി തിരിച്ചത്തുകയായിരുന്നു ഇന്ത്യന്‍ താരം. സ്കോര്‍: 9-11, 12-10, 11-4, 11-5, 10-12, 12-10. ഒളിംപിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നീസില്‍ റൗണ്ട് ഓഫ് 16നില് ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്.