കൊച്ചി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ തൈക്കണ്ടിയിലും. ആദായനികുതി ഇൻ്റ്റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ പരസ്യ രേഖയല്ല. രേഖകളില്‍ പൊതുതാല്പര്യമില്ലാത്തതിനാല് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി വാദം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ക്ക് ഹര്‍ജിക്കാരനായ മാത്യൂ കുഴല്നാടന് എംഎല്‍എ ഓഗസ്റ്റ് ഏഴിന് ഹൈക്കോടതിയില്‍ മറുപടി നല്‍കും.
കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ ഹര്‍ജിയെ എതിര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്സാലോജിക് കമ്പനിയുടമയുമായ വീണ തൈക്കണ്ടിയിലും മറുപടി നല്‍കിയത്. ആദായനികുതി ഇൻ്റ്റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ പരസ്യ രേഖയല്ല. അതിനാല്‍ രേഖകളില്‍ പൊതുതാല്പര്യം അവകാശപ്പെടാനാവില്ല. അടച്ചിട്ട ബോര്‍ഡ് മുറിക്കുള്ളിലെ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കാനാവില്ല. കരാര്‍ പ്രകാരം ലഭിച്ച സേവനത്തിനാണ് എക്സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ പണം നല്‍കിയത്. ഇക്കാര്യം സിഎംആര്‍എല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായി സാധുതയില്ലാത്ത ഹര്‍ജിയിലെ ആവശ്യങ്ങള്‍ തള്ളണമെന്നും പിണറായി വിജയന്റെയും വീണ തൈക്കണ്ടിയിലിന്റെയും അഭിഭാഷകൻ വാദിച്ചു.