നീതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കാൻ മുഖ്യമന്ത്രിമാർ

National

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഇന്ന് നടക്കും. ഇൻഡ്യ സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌ക്കരിക്കും. ബജറ്റ് അവഗണയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.

2047 ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്റെ ഇന്നത്തെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാർ, ലെഫ്റ്റനൻ്റ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ബജറ്റിൽ വിവേചനം കാട്ടിയെന്നു ചൂണ്ടിക്കാട്ടി ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആയിരുന്നു. പിന്നാലെ ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് സമ്പൂർണ ബഹിഷ്‌കരണം എന്ന ആശയം അവതരിപ്പിച്ചത്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല എന്നറിയിച്ചു. കർണാടകയിൽ ബജറ്റ് അവഗണനയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. ഇൻഡ്യ സഖ്യത്തിന്റെ പൊതു തീരുമാനത്തോടൊപ്പമല്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമുള്ളത്. ഇരുവരും ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *