കൊച്ചി: വിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയല്‍ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണ് ശ്രമം. ഈ അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത ഫയലുകള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്‌നങ്ങളുണ്ട്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണ്. ഇത് ഒരു രോഗലക്ഷണമായി വേണം കാണാന്‍. ഇതിനുള്ള ചികിത്സ കൂട്ടായി നല്‍കുന്നതിനാണ് എല്ലാവരെയും ചേര്‍ത്ത് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവും അദാലത്തില്‍ പങ്കെടുത്തു. തൃശൂര്‍ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജന്‍സിക്ക് കീഴില്‍ കഴിഞ്ഞ 2012 മുതല്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്‌കൂള്‍ ടീച്ചര്‍മാരുടെ നിയമനം അംഗീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി. ശിവന്‍ കുട്ടി സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന് കൈമാറി. 2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെ തുടര്‍ന്നാണ് അതിനു ശേഷം നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നത്. മന്ത്രി പി.രാജീവിന്റെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും കഴിഞ്ഞ ആറുമാസത്തോളമായി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുകയുമായിരുന്നു. അംഗീകരിക്കപ്പെടാതിരുന്ന സ്വര്‍ണ റാഫേല്‍ എന്ന അധ്യാപികയുടെ നിയമനം പ്രത്യേക ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവായതോടെയാണ് ഇത്രയധികം പേരുടെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടത്. വര്‍ഷങ്ങളായി നിയമന അംഗീകാരവുമായി ബന്ധപ്പെട്ട തടസങ്ങളെ തുടര്‍ന്ന് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകരുടെ ജീവിതത്തില്‍ വിദ്യാഭ്യാസ മന്ത്രി ഒരു വെളിച്ചമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിരവധി സര്‍ക്കാരുകള്‍ മാറി വന്നെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത എയ്ഡഡ് സ്‌കൂളുകളുടെ ഏറ്റെടുക്കല്‍ ഉത്തരവും വര്‍ഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയില്‍ കൈമാറി. മുളവുകാട് ഗവ. എല്‍പി സ്‌കൂള്‍, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യുപി സ്‌കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വിവിധ സ്‌കൂളുകളില്‍ നിയമന ഉത്തരവ് ലഭിക്കാതിരുന്ന കെ.ജെ. ഡിജോ, സിസ്റ്റര്‍ ലാലി, റിനി ജോസഫ്, സ്മിതേഷ് ഗോപിനാഥ്, സുനിത, പി. ധന്യാമോള്‍, ജിസ്മ ബിസ് ബാബു, ആല്‍ഫ്രഡ് ബേബിച്ചന്‍, ഐറിന്‍ ജോര്‍ജ്, ജിഷി എന്നിവര്‍ നിയമന ഉത്തരവ് ഏറ്റുവാങ്ങി. പത്ത് വര്‍ഷമായി ലീവില്‍ പോയതിനെ തുടര്‍ന്ന് മരവിച്ച പി എഫ് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതുമായി അഞ്ച് വര്‍ഷമായി കെട്ടിക്കിടന്ന മുവാറ്റുപുഴ ഗവ. ടി ടി ഐ യിലെ പി.എസ്. ഷിയാസിന്റെ പ്രശ്‌നത്തിനുള്ള പരിഹാരവും വേദിയില്‍ മന്ത്രി വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ എ. സന്തോഷ്, മേഖലാ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.