മുംബൈ: കനത്ത മഴയിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയിൽ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.തിങ്കളാഴ്ച പുലർച്ചെമുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവൺമെന്റ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.