കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി സമാപനം നാളെ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 ന് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ ഉദ്ഘാടനവും സഹായ ഉപകരണങ്ങളുടെ വി തരണവും ആദരവ് സമര്‍പ്പണവും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരിയുമായ റവ. ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ്. എം.എല്‍.എ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കോട്ടയം അതിരൂപ പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്സ് ആക്കപ്പറമ്പില്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ജേക്കബ് മാവുങ്കല്‍, കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത്മലയില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ആലീസ് ജോസഫ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ജെറോം, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ചിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ജെയ്മോന് നന്ദികാട്ട്, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന് ജോസ് പാറയില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന് പ്രസിഡന്റ് തോമസ് കൊറ്റോടം ഉള്‍പ്പെടെയുള്ള മത സാമൂഹ്യ രാഷ്ട്രിയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരാകും.
സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10.30 മുതല്‍ ഭിന്നശേഷി സംഗമവും മുഖാമുഖം പരിപാടിയും സെമിനാറും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15 ന് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇമ്പാക്ട് സെന്റര്‍ പുതിയ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെടും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ജൂബിലി സമാപനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് സ്വയം തൊഴില്‍ വരുമാന സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റും ടിഷ്യു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റുമാണ് കെ.എസ്.എസ്.എസ് ആരംഭിക്കുന്നത്. ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ചിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. കൂടാതെ കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സ്ഥാപനകനും പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് മാര്‍ഗ്ഗ ദീപവും പ്രോത്സാഹനവും പിന്തുണയും നല്കി വരുന്ന കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്തിനേയും കെ.എസ്.എസ്.എസ് സിബിആര്‍ ഫെഡറേഷന് പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകുന്ന സന്നദ്ധ പ്രവര്‍ത്തകരെയും ചടങ്ങിനോടനുബന്ധിച്ച് ആദരിക്കും. 1997 ലാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, അഗാപ്പെ സ്പെഷ്യല്‍ സ്കൂളുകള്‍, സ്വയം തൊഴില്‍ പരിശീലനങ്ങള്‍, സംരംഭകത്വ വികസന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ വിതരണം, സഹായ ഉപകരണങ്ങളുടെ വിതരണം, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ചികിത്സാസഹായ പദ്ധതി, വിവിധ സംഗമങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങളുടെ ലഭ്യമാക്കല്‍, പഠനോപകരണങ്ങളുടെ വിതരണം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍, അന്ധ ബധിര പുനരധിവാസ പദ്ധതി തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നു. അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്സ് സെന്ററും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് അച്ചന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.എസ്.എസ് തുടക്കം കുറിച്ചത്. പ്രസ്തുത ക്ഷേമ പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരതയ്ക്കായി ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററും മുത്തോലത്ത് ഓഡിറ്റോറിയവും ഇമ്പാക്ട് സെന്റര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ലഭ്യമാക്കിയത് ഫാ. എബ്രഹാം മുത്തോലത്താണ്. പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചിട്ടുണ്ട്.