ബെംഗളുരു: രാജ്യത്തുടനീളം പ്രസിദ്ധമായ ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയിൽ ക്യാൻസറിന് കാരണമായ രാസപദാർത്ഥങ്ങൾ കണ്ടെത്തി. കർണാടക ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരോധിച്ച വസ്തുക്കൾ പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാർത്ഥങ്ങളാണ് പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളം വിവിധ കടകളിൽ നിന്നായി 250 ഓളം സാമ്പിളുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിരുന്നു. ഇവയിൽ നടത്തിയ പരിശോധനയിൽ 40 സാമ്പിളുകൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന ബ്രില്യന്റ് ബ്ലു, ടർട്രാസിൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഇവയിൽ കണ്ടെത്തി. തുടർച്ചയായി ഈ പദാർത്ഥങ്ങൾ ശരീരത്തിലെത്തുന്നത് ആന്തരികാവയവങ്ങൾക്ക് ഗുരുതര കേടുപാടുകൾ ഉണ്ടാക്കും.