ദക്ഷിണേന്ത്യയിലെ 12 ആൾവാർ സന്യാസിമാരിൽ അവസാനത്തെ ആളായ തിരുമങ്കൈ ആള്‍വാളിന്റെ 500 വര്‍ഷം പഴക്കമുള്ള വെങ്കല പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ പ്രതാപകാലത്ത് കൊള്ളയടിക്കപ്പെട്ടതോ സംശയാസ്പദമായ രീതിയില്‍ ഇംഗ്ലണ്ടിലെത്തപ്പെട്ടതോ ആയ അമൂല്യമായ പുരാവസ്തുക്കൾ അതത് രാജ്യങ്ങള്‍ക്ക് തിരികെ നല്കുന്ന പദ്ധതിയുടെ ഭാഗമായാണ് തിരുമങ്കൈ ആള്‍വാളിന്റെ വെങ്കല പ്രതിമ തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുന്നത്.
1957 ല്‍ തമിഴ്നാട്ടില്‍ നിന്നും എടുത്ത ശില്പത്തിന്റെ ആർക്കിയോളജിക്കല്‍ ഫോട്ടോയാണ് ശില്പം തിരിച്ചറിയാന്‍ ഇടയാക്കിയത്. 1967-ൽ സോത്ത്ബൈസിൽ നിന്നാണ് ഈ പ്രതിമ വാങ്ങിയതെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ആഷ്മോലിയൻ മ്യൂസിയം അറിയിച്ചു. തമിഴ്നാട്ടിലെ സൌന്ദരരാജപെരുമാള്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രതിമയാണിത്.