തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. രണ്ടാം ദിനവും തെക്കൻ കേരളം വെള്ളക്കെട്ടിൽ മുങ്ങി. തോരാമഴയിൽ വീടുകളിലും റോഡിലും വെള്ളം കയറിയതോടെ തലസ്ഥാന നിവാസികൾ ദുരിതത്തിലായി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ടയിൽ ജാഗ്രത തുടരുകയാണ്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്.
തിരുവനന്തപുരം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നിവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി കണക്കിലെടുത്ത് ജില്ലാ ആസ്ഥാന അഗ്നിരക്ഷാ നിലയത്തിൽ കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മഴ തുടരും എന്നതിനാൽ മലയോര – തീരദേശ മേഖലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.