പാലക്കാട്: അധ്യാപികയുടെ ആകസ്മിക വേർപാടിൽ വിതുമ്പി കരുവാൻപടി നാട്.പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു നാടിനെയൊന്നാകെ സങ്കടത്തിലാഴ്ത്തിയത്.വിവാഹശേഷം ഇവർക്ക് നീണ്ട 25 വർഷമായി കുട്ടികൾ ഉണ്ടായിരുന്നില്ല.നിരവധി ചികിത്സകൾക്ക് ശേഷം കഴിഞ്ഞ നാലുമാസം മുമ്പാണ് ഒരു പെൺകുഞ്ഞ് പിറന്നത്.ഫാത്തിമ നെസ്ലിൻ എന്ന കുഞ്ഞുമകൾ കുടുംബത്തിലെത്തിയതിന്റെ സന്തോഷം അനുഭവിക്കും മുമ്പാണ് മാതാവിന്റെ ഈ അപ്രതീക്ഷിത വിയോഗം.മാത്ർത്രദിനത്തിൽ എല്ലാവരും മാതാവിനൊപ്പം സന്തോഷം പങ്കിടുമ്പോളാണ് ഈ നൊമ്പരപ്പെടുത്തുന്ന വാർത്ത സംഭവിക്കുന്നത്.സമീറക്ക് കാര്യമായ ശാരീരിക പ്രയാസങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ല.പൊടുന്നനെ വന്ന ഒരു വയറുവേദനയായിരുന്നു തുടക്കം.വേദന മൂർച്ഛിക്കുകയും ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുകയും ചെയ്ത 24 മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:30നായിരുന്നു അന്ത്യം.പെട്ടന്നുള്ള മരണവാർത്ത ഉൾകൊള്ളാൻ നാട്ടുകാർക്കോ ബന്ധുക്കൾക്കോ കഴിഞ്ഞില്ല. നാട്ടിലും ജോലി ചെയ്യുന്ന സ്കൂളിലും ടീച്ചറെ കുറിച്ച് പറയാൻ നല്ലത് മാത്രം. കൊച്ചുകുട്ടികൾ തൊട്ട് എല്ലാവരോടും നല്ല പെരുമാറ്റവും സ്നേഹവും സഹവർത്തിത്വവും കാത്തുസൂക്ഷിച്ച സുമനസിന്റെ ഉടമയായിരുന്നു സമീറ ടീച്ചർ. നീണ്ട 18 വർഷം സേവനം ചെയ്ത വലിയകുന്ന് എ എം എൽ പി സ്കൂളിൽ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ടീച്ചറുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഒരു നാട് ഒന്നാകെ തേങ്ങി. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ നിറ കണ്ണുകളോടെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികക്ക് അന്തിമോപചാരം അർപ്പിച്ച് യാത്രാ മൊഴി നൽകി.മരണവാർത്ത അറിഞ്ഞ് മന്ത്രി എം ബി രാജേഷ്, വിവിധ പണ്ഡിതർ, മഹല്ല്, രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധിപേർ വസതിയിൽ എത്തി.തിങ്കളാഴ്ച രാവിലെ 8:30 ന് ചെമ്പുലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.