കൊച്ചി: സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ നിർവഹിച്ച സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഇതുവരെയും പ്രതിഫലം നൽകിയിട്ടില്ല. സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, എൻസിസി വിഭാഗങ്ങളിൽ നിന്നുള്ള കാൽ ലക്ഷത്തോളം പേർക്കാണ് 2600 വെച്ച് നൽകാനുള്ളത്. കാലങ്ങളിൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം തന്നെ നൽകുന്ന പ്രതിഫലമാണ് ആഴ്ചകൾ പിന്നിട്ടിട്ടും സർക്കാർ നൽകാത്തത്. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊലീസിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി കാൽ ലക്ഷത്തോളം സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയാണ് നിയമിക്കാൻ ഉത്തരവായിരുന്നത്. ഒരു ദിവസത്തേക്ക് 1300 രൂപ വീതമാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറുന്ന പണം പൊലീസ് ഹെഡ് ക്വട്ടേഴ്സിൽ നിന്ന് വിവിധ പൊലീസ് മേധാവികൾ വഴി കൈമാറിയാണ് സ്റ്റേഷനുകളിലേക്ക് എത്തുന്നതും പിന്നീട് കൈമാറ്റം നടത്തുന്നതും. മുൻപ് ഒരിക്കലും പ്രതിഫലം നൽകുന്നത് ഇത്രത്തോളം വൈകിയിട്ടില്ല. ഇതുവരെയും പണം കൈമാറാത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ സംസ്ഥാന പൊലീസ് മേധാവിയുടെയോ പ്രതികരണം പുറത്തുവന്നിട്ടില്ല.