ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ഉപാധികളോടെ പുനസ്ഥാപിച്ചത്. എന്നാൽ വൈഫൈ – ഹോട്ട്സ്പോട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകില്ല. മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും സംസ്ഥാനത്ത് തുടരും. പ്രധാന ഓഫീസുകള്‍, ആരോഗ്യ മേഖല , വര്‍ക്ക് ഫ്രം ഹോം എന്നിവയെ ബാധിച്ചതിനാലാണ് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ആരോഗ്യ സേവനങ്ങള്‍, ഗ്യാസ് ബുക്കിംഗ്, മുതലായവ ഇനി തടസമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്റ്റാറ്റിക് ഐപി വഴിയുള്ള കണക്ഷന് അല്ലാതെ മറ്റ് കണക്ഷനുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകി. അതേസമയം വിപിഎന്നിന് ഉള്‍പ്പെടെയുള്ള വിലക്ക് മണിപ്പൂരില്‍ തുടരുകയാണ്.