മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകൾ. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ല. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്ക്കരണം അപ്രായോഗികമെന്ന് ഡ്രൈവിങ് സ്കൂളുകളുടെ നിലപാട്.
പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് നീങ്ങുകയായിരുന്നു. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരങ്ങൾ ഇന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.
വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.