തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ൺകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.
ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ലോഡ് ഷെഡിങ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ.
വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാൽ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോൾ ട്രാൻസ്ഫോർമറുകൾ ട്രിപ്പാകും.
ഇതാണ് വൈദ്യുതി തടസ്സത്തിന് കാരണം. കേന്ദ്ര പൂളിൽ വൈദ്യുതി കിട്ടാത്ത അവസ്ഥയുമുണ്ട്. എസിയുടെ കനത്ത ഉപയോഗമാണ് കെ.എസ്.ഇ.ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. സോളാർ സ്ഥാപിച്ചവരാണ് കൂടുതലായി എസി ഉപയോഗിക്കുന്നതെന്നാണ് നിഗമനം.