സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ മുഖാന്തരം സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിൽ ഉൾപ്പെടുത്തി 50% സാമ്പത്തിക സഹായത്തോടെ എഫ്. സി. സി. തിരുഹൃദയപ്രൊവിൻസിന്റെ സാമൂഹ്യസേവനവിഭാഗമായ പ്രോജക്റ്റ് ഇമ്പ്ലിമെന്റിംഗ് ഏജൻസി സേക്രഡ് ഹാർട്ട് ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ ക്ലാരപുരം പ്രൊവിൻഷ്യൽ ഹൗസ് ഗ്രൗണ്ടിൽ വച്ച് ഇരുചക്രവാഹനങ്ങൾ വിതരണം നടത്തി.
നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ കൺസൾട്ടിംഗ് ഏജൻസിയായ പ്രൊഫഷണൽ സർവീസസ് ഇന്നോവേഷൻസ് വഴി വനിതകൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് “വുമൺ ഓൺ വീൽസ് “. വനിതകളുടെ ജീവിത നിലവാരം ഉയർത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ക്ലാരപുരം കോൺവെന്റിന്റെ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സേക്രഡ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. അനിറ്റ ജോസ് അധ്യക്ഷത വഹിച്ചു. ആലുവ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൈജി ജോളി ഗുണഭോക്താക്കൾക്ക് ഇരുചക്ര വാഹനത്തിന്റെ താക്കോൽദാനം നിർവഹിക്കുകയും ശ്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആലുവ ട്രാഫിക് ഇൻസ്പെക്ടർ ഓമനക്കുട്ടൻ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് അവബോധം നൽകിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ എറണാകുളം ജില്ലയുടെ ജോയിന്റ് സെക്രട്ടറി പ്രസാദ് വാസുദേവൻ പദ്ധതി വിശദീകരണം നടത്തി. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി. ഷേഫി ഡേവിസ് സ്വാഗതം ആശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ഇൻഷുറൻസും ടാക്സും അടച്ച് നമ്പർ പ്ലേറ്റും ഹെൽമെറ്റും ഉൾപ്പെടെയാണ് വാഹനങ്ങൾ വിതരണം നടത്തിയത്.