സംസ്ഥാനത്ത് കാർഷികോല്പന്നങ്ങളുടെ വില ഉയരുന്നു. കൊക്കോ, കാപ്പി, കുരുമുളക്, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് അനുദിനം വർധിച്ച് വരുന്നത്. കൂടാതെ റബ്ബറിന്റെ വിലയിലും വർദ്ധനവ് പ്രകടമാകുന്നുണ്ട്. കൊക്കോ വില റെക്കോർഡ് തിരുത്തി മുന്നേറുമ്പോൾ കാപ്പിയുടെ വില റെക്കോർഡിൽ തന്നെ നിലനിൽക്കുകയാണ്. കുരുമുളകിലും കേരോല്പന്നങ്ങൾക്കും ദിവസേന വില ഉയരുന്ന സ്ഥിതിഗതിയാണ്.
അന്താരാഷ്ട്ര വിപണിയിൽ കൊക്കോയുടെ വിലക്കയറ്റം അടുത്തെങ്ങും അവസാനിക്കുമെന്ന് കരുത്താത്തവിധത്തിൽ കുതിക്കുകയാണ്. കാപ്പി വില 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണിപ്പോൾ. കുരുമുളകു വിപണിയിൽ മാർച്ച് 22ന് ആരംഭിച്ച കുതിപ്പു തുടരുന്നതാണു കഴിഞ്ഞ ആഴ്ചയിലും കണ്ടത്. വില 2000 രൂപയാണ് വർധിച്ചത്. ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്ചയിലെ ആദ്യ മൂന്നു ദിവസവും റബർ വില മുന്നോട്ടായിരുന്നെങ്കിലും പിന്നീട് കുറയുന്ന പ്രവണതയാണ് കണ്ടത്.