മൈസൂരു: മൈസൂരുവിലേക്കു വിനോദയാത്രാ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട് മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. കർണാടകയിലെ നഞ്ചൻകോട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നാസറിന്റെ മൂത്ത മകൻ നവാസ് (23) നഞ്ചൻകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10.30നാണ് അപകടം നടന്നത്. കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. നാസറിന്റെ ഭാര്യയും സഹോദരിമാരും അവരുടെ കുട്ടികളുമാണ് യാത്ര പോയത്. വണ്ടൂർ എംഎൽഎ എ.പി.അനിൽകുമാർ ഇടപ്പെട്ടതിനെ തുടർന്ന് നഞ്ചൻകോട്ടെ എംഎൽഎ അടക്കമുള്ളവരും കുടുംബത്തിന്റെ സഹായത്തിനായി ആശുപത്രിയിലെത്തി. വിവരമറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തിയതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയച്ചു.