പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സ്വാമിയുടെ വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടക്കമാകും. അഞ്ചാം ഉത്സവമായ ഇന്ന് രാത്രി ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുക. ഉത്സവബലി, ശ്രൂഭൂതബലി എന്നിവയുടെ താന്ത്രിക കർമങ്ങളിലൂടെ ചൈതന്യമേറിയ അയ്യപ്പ സ്വാമിയെ ആഘോഷമായാണ് എഴുന്നള്ളിക്കുന്നത്.
വെളിനല്ലൂർ മണികണ്ഠനാണ് ദേവന്റെ തിടമ്പേറ്റുക. ഇന്നലെ ശബരിമലയിൽ ഉത്സവബലി തൊഴാൻ തീർത്ഥാടകരുടെ തിരക്കുണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മൂലബിംബത്തിലെ ചൈത്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. മേൽശാന്തി പിഎൻ മഹേഷ് ശ്രീബലി വിഗ്രഹം എടുത്തു. മേളത്തിന്റെ അകമ്പടിയിൽ ഉത്സവബലി കർമങ്ങൾക്കായി ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ചു.