കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. കേരളത്തില്‍ 20 ല്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. തീയതി ഏതായാലും യുഡിഎഫ് തയാറാണെന്ന് സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണം.
ഏപ്രില്‍ 19 മുതല്‍ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് രണ്ടാംഘട്ടവും മേയ് ഏഴിന് മൂന്നാം ഘട്ടവും 13ന് നാലാം ഘട്ടവും 20ന് അഞ്ചാംഘട്ടവും 25ന് ആറാം ഘട്ടവും ജൂണ്‍ ഒന്നിന് ഏഴാം ഘട്ടവും വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ് വോട്ടിംഗ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.
ഈമാസം 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഏപ്രില്‍ നാലുവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടുവരെ പത്രിക പിൻവലിക്കാനാകും.