മധ്യപ്രദേശില്‍ തര്‍ക്കത്തെ തുടർന്ന് യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു

Breaking National

ഭോപ്പാല്‍ : മധ്യപ്രദേശില്‍ യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു. പ്രതി രാജ്കുമാര്‍ കോള്‍ (30) ജ്യേഷ്ഠന്‍ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നു.രാകേഷിന്റെ മകളുടെ കാതുകുത്തല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവശേഷം വനത്തില്‍ ഒളിച്ച രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സത്‌ന ജില്ലയിലെ മൗഹര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

രാകേഷിന്റെ മകളുടെ കാതുകുത്തല്‍ ചടങ്ങ് നടക്കുകയായിരുന്നു. പരിപാടി ആഘോഷമാക്കാന്‍ ഒരു ഡിജെയും ഒരുക്കി. രാത്രി വൈകിയത്തോടെ രാകേഷ് ഡിജെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജ്കുമാറിന് ഇത് ഇഷ്ടപ്പെട്ടില്ല. ഗാനം വീണ്ടും പ്ലേ ചെയ്യാന്‍ ഇയാള്‍ ഡിജെയോട് ആവശ്യപ്പെട്ടു. രാകേഷ് തടഞ്ഞതോടെ സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പ്രകോപിതനായ രാജ്കുമാര്‍ വീട്ടില്‍ ഉണ്ടായിരുന്ന മഴു കൊണ്ട് മൂത്ത സഹോദരനെ വെട്ടുകയായിരുന്നു. ശേഷം വീട്ടില്‍ നിന്നും വനത്തിലേക്ക് ഇറങ്ങിയോടി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച രാവിലെയാണ് രാകേഷിന്റെ ഭാര്യ പൂജ കോള്‍ കോതി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വനത്തില്‍ തെരച്ചില്‍ നടത്തുകയും ബന്ധാശ്രമത്തിന് സമീപമുള്ള കലുങ്കിന് താഴെ ഒളിച്ചിരുന്ന രാജ്കുമാറിനെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *