ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെസി വേണുഗോപാൽ വിജയിച്ചാൽ രാജ്യസഭയിൽ ബിജെപിക്ക് ഒരു വോട്ട് കൂടുമെന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭയിൽ ബിജെപി ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഇപ്പോൾ നാലുപേരുടെ കുറവേ ഉള്ളൂ. രാജ്യത്തിൻ്റെ സ്വഭാവം തന്നെ മാറ്റാൻ ശ്രമിക്കുന്ന ബിജെപിക്ക് ഉപരിസഭയിലെ ഭൂരിപക്ഷം എപ്പോഴും ഒരു പ്രശ്നമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം ഇല്ലാതാക്കുന്ന മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ആയുധങ്ങൾ മിനുക്കി ബി.ജെ.പി രാജ്യസഭയിൽ ഭൂരിപക്ഷത്തിന് നോട്ടമിടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഏത് രാഷ്ട്രീയ പാർട്ടിക്കും തങ്ങളുടെ പ്രതിനിധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശമുണ്ട്.
കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നതിനെ ഇങ്ങനെ കാണാൻ സാധാരണഗതിയിൽ കഴിയേണ്ടതാണ്. എന്നാൽ രാജസ്ഥാനിലെ പ്രതിനിധിയായി രാജ്യസഭയിൽ രണ്ട് വർഷം കൂടി കാലാവധി ബാക്കിയുള്ള കെ സി വേണുഗോപാൽ ലോക്സഭയിൽ മത്സരരംഗത്ത് വരുമ്പോൾ അതിന്‍റെ ഗുണഭോക്താവ് ആരായിരിക്കുമെന്ന ചോദ്യം മതനിരപേക്ഷവിശ്വാസികളുടെ കർണ്ണപുടത്തിൽ ശക്തിയായി പതിക്കുന്നുണ്ട്.രാജസ്ഥാനിൽ ഒരു രാജ്യസഭാ സീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ ആ സംസ്ഥാനത്ത് ഭൂരിപക്ഷമുള്ള പാർട്ടിയായ ബിജെപിക്ക് അത് സ്വാഭാവികമായി ലഭിക്കും. ഇത് അപഗ്രഥിച്ച ശേഷമായിരിക്കുമല്ലോ കോൺഗ്രസ് നേതൃത്വം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് ഓർക്കുമ്പോഴാണ് മതനിരപേക്ഷ വിശ്വാസികൾക്കു നടുക്കമുണ്ടാവുക. ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്ന ഒരു നേട്ടത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ചിന്തിക്കാതെ പോകില്ലല്ലോ എന്നും ബ്രിട്ടാസ് ചോദിച്ചു. .