ടിവികെ അംഗമാകാന്‍ ആരാധകരുടെ കുത്തൊഴുക്ക്

Breaking

നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തോളം പേരാണ് വെബ്സൈറ്റ് സന്ദര്‍ശിച്ചത്.ആളുകളെ തള്ളിക്കയറ്റം കടുത്തതോടെ സൈറ്റിന്‍റെ പ്രവര്‍ത്തനം തകരാറിലായി. തമിഴക വെട്രികഴകത്തിന്‍റെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെയാണ് മെഗാ മെമ്ബർഷിപ്പ് ഡ്രൈവ് ആരംഭിച്ചത്. രണ്ട് കോടി പ്രവര്‍ത്തകരെ സംഘടനയുടെ ഭാഗമാക്കുക എന്നതാണ് വിജയ്‌യുടെ പാർട്ടി ലക്ഷ്യം വെക്കുന്നത്.തിരുക്കുറലിലെ പ്രശസ്തമായ ‘പിറപ്പുക്കും എല്ലാ ഉയിരുക്കും’ എന്ന വാക്യത്തിന് ചുവടെ രേഖപ്പെടുത്തിയ പ്രതിജ്ഞ ഏറ്റുചൊല്ലി എല്ലാവരും തമിഴക വെട്രി കഴകത്തിലേക്ക് കടന്നുവരണമെന്ന് പാർട്ടി അധ്യക്ഷനായ വിജയ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.വാട്ട്‌സ്‌ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ വഴിയോ ക്യുആർ കോഡ് മുഖേനയോ പാർട്ടിയില്‍ അംഗമാകാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ് നമ്ബറും സെല്‍ഫിയും ഉപയോഗിച്ച്‌ അംഗത്വ നടപടികള്‍ പൂർത്തിയാക്കാം.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലില്‍ മധുരയില്‍ വെച്ച്‌ നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ആർക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും വിജയ് പാർട്ടി പ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിരുന്നു. കരാർ ഒപ്പിട്ട സിനിമകള്‍ പൂർത്തിയായി കഴിഞ്ഞാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും വിജയ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *