ന്യൂഡല്‍ഹി: റഷ്യ, യുക്രൈൻ അടക്കമുള്ള യുദ്ധ മേഖലകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കടത്തിയ കേസില്‍ മൂന്നു മലയാളികള്‍ അടക്കം 19 പേരെ സിബിഐ അറസ്റ്റു ചെയ്തു.തിരുവനന്തപുരം സ്വദേശികളായ ജോബ് സജിൻ ഡിക്സണ്‍, റോബോ റോബർട്ട് അരുളപ്പൻ, ടോമി ഡോമിരാജ് തുടങ്ങിയവരാണ് പിടിയിലായ മലയാളികള്‍. റാസ് ഓവര്‍സീസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്.
വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച ഇവർ, പാസ്പോർട്ടുകള്‍ തട്ടിയെടുത്തു. തുടർന്നു നിർബന്ധിച്ച് യുദ്ധമേഖലയില്‍ റഷ്യൻ സേനയ്ക്കൊപ്പം ഇവരെ നിയോഗിച്ചു. ഇങ്ങനെ യുദ്ധത്തിനു പോയ 2 ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തതായി സിബിഐ ചൂണ്ടിക്കാട്ടി.
കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലായി പടര്‍ന്നു കിടക്കുന്ന മാഫിയ ശൃംഖലയാണ് ഇതിനു പിന്നിലെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സിബിഐ കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, അടക്കം പത്തിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട നിരവധി ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.
50 ലക്ഷം രൂപയും നിരവധി രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും മൊബൈലുകളും ലാപ്പ് ടോപ്പുകളും കമ്ബ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുമുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ 35 തവണകളായി ആള്‍ക്കാരെ വിദേശത്തേക്ക് കടത്തിയത് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ട 2 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസർക്കാർ നടത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.