തിരുവനന്തപുരം: സംസ്ഥാന ആരോഗ്യശാസ്ത്ര ഗവേഷണ നയത്തില്‍ മാറ്റം വരുത്തുന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ പഠനത്തില്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കാനുള്ള തീരുമാനത്തിന് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ നയത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ ഉപദേശക സമിതിയോഗം അംഗീകാരം നല്‍കി.എല്ലാ ഗവ.മെഡിക്കല്‍ കോളജുകളെയും ഗവേഷണ കേന്ദ്രമാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഐ.സി.എം.ആര്‍ മാനദണ്ഡം പാലിച്ച് അഞ്ച് വര്‍ഷം വരെയുള്ള ഗവേഷണ പ്രോജക്ടുകള്‍ നല്‍കും. അസി. പ്രൊഫസര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഗവേഷണ ഫെലോഷിപ്പും നല്‍കും. അവര്‍ക്ക് രാജ്യത്തെ ബയോമെഡിക്കല്‍ കേന്ദ്രങ്ങളില്‍ ഗവേഷണം നടത്താം. ആരോഗ്യ സര്‍വകലാശാല ഇതിന് അംഗീകാരം നല്‍കും.
ഡെന്റല്‍, നഴ്‌സിംഗ് ഫാര്‍മസി, പാരാമെഡിക്കല്‍ കോളജുകളെയും ഗവേഷണോന്മുഖമാക്കി മാറ്റും. പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് എല്ലാ സ്ഥാപനങ്ങളെയും സജ്ജമാക്കും. ശ്രീചിത്ര, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി മെഡിക്കല്‍ കോളജുകളെ ബന്ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളെ ആധുനിക ഗവേഷണ ലബോറട്ടികളുള്ള ഓട്ടോണോമസ് സ്ഥാപനങ്ങളാക്കും. ആയുര്‍വേദം, യുനാനി, ഹോമിയോ തുടങ്ങിയ സമാന്തര ചികിത്സാ രീതികളിലും ഗവേഷണം പ്രോത്സാഹിപ്പിക്കുമെന്ന് നയം വ്യക്തമാക്കുന്നു.
ഗവേഷണ സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ്
എം.ബി.ബി.എസ് കഴിയുന്നവര്‍ക്ക് എം.ഡി, എം.എസ് കോഴ്‌സിന് സമാന്തരമായി ക്ലിനിക്കല്‍ പ്രാക്ടീസോടെ പിഎച്ച്ഡി ഗവേഷണ പദ്ധതി
പി.ജി തലത്തിലും ഗവേഷകര്‍ക്കും പോസ്റ്റ് ഡോക്ടറല്‍ ഫാക്കല്‍റ്റിക്കും ഗവേഷണ സ്‌കോളര്‍ഷിപ്പ്
വിരമിക്കാന്‍ 10വര്‍ഷത്തിലേറെയുള്ള അസോ.പ്രൊഫസര്‍മാര്‍ക്കും മികച്ച അസി. പ്രൊഫസര്‍മാര്‍ക്കും ഗവേഷണ ഫെലോഷിപ്പ്
ക്ലിനിക്കല്‍ ട്രയലിലൂടെ പുതിയ മരുന്നുകളും ചികിത്സാ മാര്‍ഗ്ഗങ്ങളും ഉപകരണങ്ങളും കണ്ടെത്തി ഫലപ്രാപ്തി തെളിയിക്കാന്‍ ഗവേഷണംപൊതുജനാരോഗ്യ ബഡ്ജറ്റിന്റെ 25% ആരോഗ്യ ഗവേഷണത്തിന് മാറ്റിവയ്ക്കും