മാനന്തവാടി: ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മർദിച്ചെന്ന പരാതിയില്‍ മൂന്നുപേർ അറസ്റ്റില്‍.കല്പറ്റ കൈതക്കൊല്ലി തച്ചംപൊയില്‍ വീട്ടില്‍ അബ്ദുല്‍ സലാം (36), തൃശൂര്‍ കൊടുങ്ങല്ലൂര്‍ നടുമുറി വീട്ടില്‍ എന്‍.സി. പ്രിയന് (49), എറണാകുളം വടക്കേക്കര പൊയ്യത്തുരുത്തിയില്‍ വീട്ടില്‍ ആഷിഖ് ജോണ്സണ് (28) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ അമ്ബലത്തിലെ ഉത്സവങ്ങളുടെ സ്റ്റാളും കാര്‍ണിവലും സൈറ്റും നടത്തുന്നതിനുള്ള ടെൻഡർ പരാതിക്കാരനും സുഹൃത്തുക്കളും പിടിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ മാസം 19ന് പുലർച്ച മൂന്നോടെ പയ്യമ്ബള്ളി പുതിയിടത്തായിരുന്നു സംഭവം നടന്നത്. പ്രശാന്ത് എന്നയാളും സുഹൃത്തുക്കളും ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത സ്ഥലത്തെ താല്‍ക്കാലിക ഷെഡിനകത്ത് അതിക്രമിച്ച് കയറി മര്‍ദിച്ചെന്നായിരുന്നു പരാതി. പ്രിയനും ജോണ്‍സണും ക്വട്ടേഷൻ സംഘത്തിലുള്‍പ്പെട്ടവരാണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.