മുംബൈ : പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഭരണകക്ഷി എംഎല്‍എ. വിദര്‍ഭ മേഖലയിലെ ബുള്‍ഡാനയില്‍ നിന്നുള്ള ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗായ്ക്ക്വാഡ് യുവാവിനെ പൊലീസിന്റെ ലാത്തി ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.കഴിഞ്ഞ മാസം 19ന് ബുള്‍ഡാനയില്‍ ശിവജയന്തി ആഘോഷത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോ ആണ് പ്രചരിച്ചത്. പ്രകോപിതനായ എംഎല്‍എ യുവാവിനെ മര്‍ദിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതും പിന്നീട് ലാത്തി പിടിച്ചു വാങ്ങി യുവാവിനെ അടിച്ചു വീഴ്ത്തുകയുമാണ്.
വിഡിയോയുടെ അടിസ്ഥാനത്തില്‍ എംഎല്‍എക്കെതിരെ നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ (കോണ്‍ഗ്രസ്) വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് ഭരണപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു.
യുവാവിനെ ആക്രമിച്ചയാള്‍ വെറുമൊരു ഗുണ്ടയല്ലെന്നും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ എംഎല്‍എയാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരം സംഭവം ദിവസവും ആവര്‍ത്തിക്കുകയാണെന്നും എത്രനാള്‍ മുന്നോട്ടുപോകുമെന്നും വഡേത്തിവാര്‍ ചോദിച്ചു.
പൊലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി നല്കിയാല് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ബുല്‍ഡാന പൊലീസ് സൂപ്രണ്ട് സുനില്‍ കടസ്നെ പറഞ്ഞു. അടുത്തിടെ സ്ത്രീയുടെ ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്നും ഗായ്ക്ക്വാഡ് വിവാദങ്ങളില്‍ പെട്ടിരുന്നു.