യുപിയിലെ ബാഗ്പട്ടിൽ ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പോലീസിൽ പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് ഒരു ദിവസത്തിന് ശേഷം കേസെടുത്ത പൊലീസ് ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രാഹുൽകുമാർ, ജിതേന്ദ്രകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇമാം മുജീബ് റഹ്മാനെതിരെ ആക്രമണമുണ്ടായത്. 2013ൽ മുസാഫർനഗറിൽ നടന്ന വർഗീയ കലാപം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായിരുന്നു യുപിയിലെ ബാഗ്പത്. ഈ പ്രദേശത്തെ 12 പേരടക്കം 30 പേർ അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.
തന്നെ മർദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് മുജീബ് റഹ്മാന്റെ പരാതിയിൽ പറയുന്നത്. പ്രതികളിൽ മൂന്നാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണൽ പൊലീസ് സുപ്രണ്ട് മനീഷ് മിശ്ര അറിയിച്ചു.