തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ സംഭാവമുണ്ടാകുന്നത്. ഇരുന്നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. കുട്ടികളുൾപ്പെടെ 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയും പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം അടിച്ചു തകർക്കുകയുമായിരുന്നു.