ചെന്നൈ: തമിഴ്നാട് മധുരയില്‍ ബി.ജെ.പി നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗം ജില്ല സെക്രട്ടറി ശക്തിവേല്‍ (35) ആണ് കൊല്ലപ്പെട്ടത്.മധുരയിലെ ശംഖുനഗറില് ഇന്ന് രാവിലെ ആറോടെയാണ് സംഭവം.
വാഹനവായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ ശക്തിവേല്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ വള്ളന്തപുരത്തെ വീട്ടില്‍ നിന്ന് ശംഖുനഗറിലെ വെയർഹൗസിലേക്ക് വന്നപ്പോള്‍ പിന്നാലെയെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ആളുകള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അണ്ണാനഗർ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വാഹനവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.