ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്

Kerala

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്..കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രം അല്ല.57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്ന് പറയുന്നത് നുണയാണ്. കേരളത്തിൽ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന.പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്,സർക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.

കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണ് .നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരള സ‍ർക്കാർ ഡൽഹിയിൽ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സമരം തട്ടിപ്പാണെന്നും തെരഞ്ഞടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

എന്നാൽ ഇന്നലെ ക‍ർണാടക ഡൽഹിയിൽ നടത്തിയ സമരം വ്യത്യസ്തമാണ്. രണ്ട് സമരങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിനെതിരെ സമരം നടത്താൻ കോൺഗ്രസിനെ പഠിപ്പിക്കേണ്ടതില്ല. കേരളത്തിൻറെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ പ്രതിപക്ഷമാണ് മുൻപന്തിയിൽ. എംപിമാരുടെ യോഗം വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.

സാധാരണ വിളിക്കുന്ന യോഗം ഇത്തവണ വിളിച്ചില്ല. ആദ്യം ധൂർത്തും അഴിമതിയും നിർത്തണമെന്നും ചെന്നിത്തല പറഞ്ഞു. കേരളസ‍ർക്കാർ പറയുന്ന 57000 കോടി രൂപയുടെ കണക്ക് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു. കേന്ദ്രം തരേണ്ടത് വാങ്ങിച്ചെടുക്കാൻ പ്രതിപക്ഷം മുൻപന്തിയിൽ ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *