കൊച്ചി: ഡോക്ടർ വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും തിലുള്ള പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.കേസിൽ പ്രതി സന്ദീപ് നൽകിയ ജാമ്യ ഹർജിയും ഹൈക്കോടതി തള്ളി. 2023 മെയ് 10-നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്.
വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.