സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടി; മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Breaking Kerala

സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയന്‍റെ മകൻ വിഷ്ണു (26) ആണ് ആത്മഹത്യ ചെയ്തത്. 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബം വായ്പയായി എടുത്തിരുന്നു. തുടര്‍ന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം തിരിച്ചടച്ചിരുന്നു. എന്നാൽ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ വൻ തുക കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിഷ്ണുവിന്‍റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാന്‍ നില്‍ക്കുകയായിരുന്നു കുടുംബം. അതിനിടെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
അതേസമയം പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. എടുത്തതിനെക്കാൾ കൂടുതൽ പണം തിരിച്ച് അടച്ചിരുന്നുവെന്നും കോവിസ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ആണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇന്ന് ഒഴിയണമെന്നാണ് ബാങ്ക് നിര്‍ദേശം നല്‍കിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *