ധനുഷും നാഗാര്‍ജ്ജുനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം റദ്ദാക്കി

Cinema

ധനുഷും തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിഎൻഎസ്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.തിരുപ്പതിയിലും പരിസരപ്രദേശങ്ങളിലുമായി ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണാനുമതി തിരുപ്പതിയില്‍ താല്‍ക്കാലികമായി റദ്ദാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്നാണ് ചിത്രീകരണാനുമതി തിരുപ്പതി പോലീസ് റദ്ദാക്കിയത്. തിരുപ്പതിയിലെ അല്‍ബിരി പ്രദേശത്താണ് ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ചിത്രീകണം ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ കടത്തിവിടാൻ തുടങ്ങി. വൻ ഗതാഗത തടസം പതിവായതോടെയാണ് ചിത്രീകരണാനുമതി റദ്ദാക്കിയത്.

തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്ര പരിസരത്തും അണിയറ പ്രവർത്തകർ ചിത്രീകരണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരോട് ബൗണ്‍സർമാർ മോശമായി പെരുമാറിയതാനും റിപ്പോർട്ടുണ്ട്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശേഖർ കമ്മൂല രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ഡിഎൻഎസ്. ധനുഷിന്റെയും നാഗാർജ്ജുനയുടെയും സംവിധായകൻ ശേഖറിന്റെയും പേരുകളുടെ ആദ്യത്തെ അക്ഷരം ചേർത്താണ് ചിത്രത്തിന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്.

ധനുഷും രശ്മികയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹാപ്പി ഡേയ്സ്, ഫിദ, ലവ് സ്റ്റോറി എന്നീ ചിത്രങ്ങളാണ് ശേഖർ കമ്മൂല നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ശേഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഡിഎൻഎസ്.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറില്‍ നാരായണ്‍ ദാസ് കെ നാരംഗ്, സുനില്‍ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നികേത് ഭൂമിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *