കൊൽക്കത്ത: ബംഗാളി നടി ശ്രീലാ മജുംദാർ (65) അന്തരിച്ചു. കൊൽക്കത്തയിലെ തന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്നുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. 43 ചിത്രങ്ങളിൽ അഭിനയിച്ച ശ്രീലാ മൃണാൾ സെൻ, ശ്യാം ബെനഗൽ, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ ലക്കി നായികയായിരുന്നു.
സിനിമ-സാംസ്കാരിക രംഗത്ത് നിന്ന് നിരവധി പേരാണ് ശ്രീലാ മജുംദാറിന് ആദരാഞ്ജലികളറിയിച്ചെത്തുന്നത്. ബംഗാളി സിനിമയ്ക്കുണ്ടായ വലിയ നഷ്ടമാണ് ശ്രീലയുടെ വിയോഗമെന്നും ശക്തയായ അഭിനേതാവായിരുന്നുവെന്നും മികച്ചവേഷങ്ങളവതരിപ്പിച്ചിരുന്ന പ്രതിഭയെന്നും മുഖ്യമന്ത്രി മമതാ ബാനർജി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ഏക്ദിൻ പ്രതിദിൻ, ഖരീജ്, അകാലെർ സന്ധാനേ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ പ്രകടനത്തെ അടയാളപ്പെടുത്തിയത്. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മൺടി, പ്രകാശ് ഝാ ഒരുക്കിയ ദമുൽ, ഉത്പലേന്ദു ചക്രബർത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞവർഷം പുറത്തിറങ്ങിയ പാലാൻ ആണ് ശ്രീലാ മജുംദാറിന്റെ അവസാന ചിത്രം.