തനിക്കെതിരെ സാമൂഹിക വിമര്‍ശനമാണ് നടത്തി കൊണ്ടിരിക്കുന്നത്: മുന്‍ മന്ത്രി ജി സുധാകരന്‍

Breaking Kerala

ആലപ്പുഴ: തനിക്കെതിരെയുളള വിമര്‍ശനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ത്തി മുന്‍ മന്ത്രി ജി സുധാകരന്‍.സുധാകരന്‍ പാര്‍ട്ടിക്കെതിരെ പറയുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. മാധ്യമപ്രവര്‍ത്തകര്‍ ഉപദ്രവിക്കരുത്. നാട് നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നു. പൊളിറ്റിക്കല്‍ ക്രിമിനലിസം ആലപ്പുഴയിലെ ചില മധ്യമപ്രവര്‍ത്തകരിലേക്കും വ്യാപിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ സാമൂഹിക വിമര്‍ശനമാണ് നടത്തി കൊണ്ടിരിക്കുന്നത്. വിമര്‍ശിക്കുന്നത് തങ്ങളെയാണെന്ന് കൂടെ ഉള്ളവര്‍ക്ക് തോന്നിയാല്‍ അവര്‍ തിരുത്തണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ്കാരന്‍ അഭിപ്രയം തുറന്ന് പറയണമെന്നാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിന്റെ പേരില്‍ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീരാമനെയും സീതയയെും കുറിച്ചുള്ള തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിനെയും ജി സുധാകരന്‍ വിമര്‍ശിച്ചു. പി ബാലചന്ദ്രന്‍ പറഞ്ഞത് ശരിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്. മാര്‍ക്‌സിസം പഠിക്കാതെ വെറുതെ വിമര്‍ശിക്കരുതെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം തന്റെ പ്രസംഗത്തിലൂടെ ജി സുധാകരന്‍ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ആരാ ഈ ടീച്ചറമ്മ എന്ന് പ്രസംഗത്തില്‍ ചോദിച്ച ജി സുധാകരന്‍ ഒരു മന്ത്രി ആകണമെങ്കില്‍ കുറച്ചുകാലം പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടണമെന്നും ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും പറഞ്ഞിരുന്നു. കൃഷി മന്ത്രിമാര്‍ കൃഷിയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമെന്നും എന്നാല്‍ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി. നിരന്തരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ജി സുധാകരന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *