തിരുവനന്തപുരം: കേരള പൊലീസ് മികച്ചതാണെന്നും എന്നാല്‍ അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.പൊലീസിന് സമരക്കാരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. കാരണം മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുന്നു. കാറില്‍ എന്തോ തട്ടിയെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
’22 പ്രതിഷേധക്കാരെ തടയാൻ100ലധികം പൊലീസുകാരുണ്ടായിരുന്നു. എന്നാല്‍ അവരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ജോലി ചെയ്യുന്നതില്‍ പൊലീസുകാർക്ക് സമ്മർദ്ദമുണ്ട്. മുഖ്യമന്ത്രി ഇതേ റോഡിലൂടെ പോയാല്‍ ഇങ്ങനെയാണോ പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഞാൻ കേന്ദ്രത്തോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് 72 വയസുണ്ട്. ആരെയും എനിക്ക് പേടിയില്ല. – ഗവർണർ പറഞ്ഞു.
അതേസമയം, പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനത്തിലാകും ഇനി ഗവർണറുടെ യാത്ര. നേരത്തെ കൊല്ലം നിലമേലില്‍ വച്ച് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. സ്വാമി സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറില്‍ നിന്നിറങ്ങിയ അദ്ദേഹം, റോഡരികിലുള്ള കടയുടെ മുന്നിലിരുന്നു പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ എഫ് ഐ ആറിന്റെ കോപ്പി കണ്ടതോടെയാണ് തിരികെ വണ്ടിയില്‍ കയറിയത്. സംഭവത്തെക്കുറിച്ചറിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു.
എസ് പി ജി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ് സിആർപിഎഫ്. ബുള്ളറ്റ് പ്രൂഫ് വാഹനവും നല്‍കും. ആവശ്യമെങ്കില്‍ എൻ എസ് ജി കമാൻഡോസും ഗവർണർക്ക് സുരക്ഷയൊരുക്കുമെന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ രാജ്യത്ത് നാല്‍പ്പത് പേർക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ നല്‍കുന്നത്. അല്‍പം മുമ്ബ് തിരുവനന്തപുരത്തുവച്ചും എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു.