ന്യൂഡല്‍ഹി: അഞ്ച് മുസ്ലീം പുരുഷന്മാരെ തൂണില്‍ കെട്ടിയ ശേഷം പരസ്യമായി മർദിച്ച നാല് ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് ഗുജറാത്ത് ഹൈക്കോടതി വിധിച്ച കോടതിയലക്ഷ്യവും ജയില്‍ ശിക്ഷയും നടപ്പാക്കുന്നതിന് സുപ്രീം കോടതി സമയം നീട്ടി നല്‍കി.അതേസമയം, പോലീസുകാരുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി.
“ഇത് എന്ത് തരം ക്രൂരതയാണ്…. ജനങ്ങളെ തൂണില്‍ കെട്ടിയിട്ട് ആളുകള്‍ക്ക് മുന്നില്‍ വെച്ച് പരസ്യമായി തല്ലുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നു…” ജസ്റ്റിസ് മേത്ത കേസില്‍ വിധിപറയുന്നതിന്റെ തുടക്കത്തില്‍ വ്യക്തമാക്കി. ആളുകളെ തൂണില്‍ കെട്ടിയിട്ട് തല്ലാൻ നിങ്ങള്‍ക്ക് നിയമപ്രകാരം അധികാരമുണ്ടോയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു. പോലീസുകാരോട് കസ്റ്റഡി ആസ്വദിക്കാൻ പറഞ്ഞ ജസ്റ്റിസ് ഗവായി, അവിടെ അവർ അവരുടെ സ്വന്തം ഉദ്യോഗസ്ഥരുടെ അതിഥിയായിരിക്കുമെന്നും അവർക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നും പരിഹസിച്ചു.
പോലീസുകാർക്ക് എതിരെ ക്രിമിനല്‍ പ്രോസിക്യൂഷനും വകുപ്പുതല നടപടികളും പുരോഗമിക്കുന്നുണ്ടെന്ന് പോലീസുകാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചതിനെത്തുടർന്നാണ്, അവർക്കെതിരായ കോടതിയലക്ഷ്യ കേസിലെ ശിക്ഷാ വിധി നടപ്പാക്കുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കോടതി നീട്ടിനല്‍കിയത്.
2022 ഒക്ടോബറില്‍ ഉന്ധേല ഗ്രാമത്തിലെ നവരാത്രി ആഘോഷത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിപാടിക്കിടെ ജനക്കൂട്ടത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് പിടികൂടിയ അഞ്ച് പേരെ പരസ്യമായി തൂണില്‍ കെട്ടിയിട്ട് പോലീസ് മർദിക്കുകയായിരുന്നു. പോലീസ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.
ഡി.കെ. ബസു വെസ്‌റ്റ് ബംഗാള്‍ വേഴസ്സ് സ്‌റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങള്‍ ലംഘിച്ചതിന് പോലീസുകാർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഇരകളുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഗുജറാത്ത് ഹൈക്കോടതി നാല് പോലീസുകാർ കോടതിയലക്ഷ്യത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവർക്ക് കോടതി പതിനാല് ദിവസത്തെ തടവും 2000 രൂപ വീതം പിഴയും വിധിച്ചു.
സംഭവം മനുഷ്യത്വത്തിനെതിരായ നടപടിയാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. പോലീസുകാരുടെ മാപ്പപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതേ തുടർന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്.